'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍
കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച പാർട്ടി തീരുമാനം അന്തിമമാണെന്നും എല്ലാവരും അത് ശിരസാവഹിക്കണമെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പത്ത് നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്നെയും പാർട്ടിയെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിർത്തണമെന്ന് അദ്ദേഹം കർശനമായി ആവശ്യപ്പെട്ടു.
"ഒരുപാട് പിച്ചിച്ചീന്തിയില്ലേ, ഇനി ബാക്കിയൊന്നും ഇല്ലല്ലോ. ജനങ്ങൾക്ക് വലിയ പ്രതീക്ഷയുള്ള നല്ലൊരു സർക്കാർ ഇവിടെ നിലവിൽ വരികയാണ്. ആ പ്രതീക്ഷകൾക്കനുസരിച്ച് മുന്നോട്ട് പോകാൻ സർക്കാരിന് അവസരം നൽകണം," എന്ന് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൽ 'കെസി പക്ഷം' എന്നൊന്നില്ലെന്നും അത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതയും കാര്യക്ഷമതയും മാനദണ്ഡമാക്കി ഏറ്റവും മികച്ച മന്ത്രിമാരെ തന്നെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് തീരുമാനങ്ങൾ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രമേശ് ചെന്നിത്തലയുമായി താനും നിയുക്ത മുഖ്യമന്ത്രിയും സംസാരിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കപ്പെടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ജനവിധി മാനിച്ചുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.