പാർട്ടിയോട് പിണക്കം തുടർന്ന് ഇപി; സെക്രട്ടറിയേറ്റ് യോഗത്തിലും യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല

 

ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇത് ആദ്യമായല്ല ഇ പി പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത്.

നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ  പങ്കെടുത്തിരുന്നില്ല. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻറെ ഓർമ ദിനത്തിലെ പുഷ്പാർച്ചനയിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇപി ചടങ്ങിന് എത്തിയില്ല. 

എന്നാൽ അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇ പി വിട്ടുനിന്നതിനെക്കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചത്. ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല.