എറണാകുളം കാക്കനാട് തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
എറണാകുളം കാക്കനാട് പാലച്ചുവടിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാലച്ചുവട് ടൗൺ പരിസരത്ത് നായയുടെ വിളയാട്ടം തുടങ്ങിയത്. പ്രദേശത്തെ എട്ടുപേരെ കൂടാതെ നിരവധി വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്.
പാലച്ചുവടിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് ഇറങ്ങിയ ടാക്സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ടൗണിലെ കോഴിക്കടക്കാരൻ, സമീപത്തെ വീട്ടമ്മ എന്നിവർക്കും കടിയേറ്റു. മൂന്ന് മണിയോടെ അംഗണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയ രക്ഷിതാവിനെയും നായ ആക്രമിച്ചു. പരിക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ തെരുവുനായ ആക്രമണങ്ങൾ ഉണ്ടായതായി നാട്ടുകാർ പരാതിപ്പെട്ടു. തെരുവുനായ ശല്യം രൂക്ഷമായ കാക്കനാട് മേഖലയിൽ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആക്രമണകാരിയായ നായയെ പിടികൂടാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.