ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകള്‍ക്കുള്ള വലിയ തുക; പി രാജീവ്

 

ഇത്തവണത്തെ ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്ന് മന്ത്രി പി രാജീവ്. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകള്‍ക്കുള്ള വലിയ തുകയാണെന്നും എല്ലാ വകുപ്പുകള്‍ക്കും പരിഗണന നല്‍കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് രംഗത്ത് വന്നിരുന്നു. ബജറ്റ് വിഹിതം കുറഞ്ഞെന്ന് ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നു. ഡല്‍ഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നു. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.