പര്യത്തുകാവിൽ കുടിയൊഴിപ്പിക്കൽ; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി, രണ്ടാഴ്ച സമയം അനുവദിച്ചു
കിഴക്കമ്പലം പര്യത്തുകാവിൽ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഹൈക്കോടതി . സുപ്രീംകോടതി വിധി പ്രകാരം പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിധി നടപ്പാക്കുന്നതിനായി ഹൈക്കോടതി സംസ്ഥാന സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു.
സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളിയായ പര്യത്തുകാവിലെ കുടിയൊഴിപ്പിക്കൽ മാറിയിരുന്നു.ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് സർക്കാരിന് താത്കാലിക ആശ്വാസമാണ്.ഈ സമയപരിധിക്കുള്ളിൽ പ്രദേശവാസികളുമായും മുൻപ് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ച നടത്തി പ്രശ്‌നപരിഹാര ശ്രമങ്ങൾ നടത്താൻ അവസരം ലഭിക്കും. പ്രശ്‌നപരിഹാരത്തിനായി മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ഉന്നത പ്രദേശം സന്ദർശിച്ച് താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനനും തിങ്കളാഴ്ച പര്യത്ത്കാവ് സന്ദർശിച്ചേക്കും.