പരീക്ഷാ ക്രമക്കേട് കേസ്: പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ

 

പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തുന്നതിനാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാർ, സ്റ്റാലി തോമസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

നേരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും മൊഴിയെടുക്കാൻ അന്വേഷണ സംഘം പി.എസ്.സി ഓഫീസിലേക്ക് വരണമെന്നുമായിരുന്നു ചെയർമാന്റെ നിലപാട്. എന്നാൽ കേസ് പരിഗണിച്ച ഹൈക്കോടതി, അന്വേഷണത്തിലെ മന്ദഗതിയിലും പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. പി.എസ്.സിയും സർക്കാരും ഒത്തുകളിക്കുകയാണെന്ന് ജനങ്ങൾക്ക് തോന്നരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ ഊർജ്ജിതമാക്കിയത്. സംസ്ഥാനത്തുടനീളം ക്രമക്കേടുമായി ബന്ധപ്പെട്ട് 190-ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്.