പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത്; ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനം പരിശോധിക്കും
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അനേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് എത്തി. പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനത്തിന്റെ ഡെമോ സംഘം പരിശോധിക്കും.
പരിശോധനയ്ക്ക് എത്തുമെന്ന് കഴിഞ്ഞദിവസം കത്ത് മുഖേന പ്രത്യേക അന്വേഷണ സംഘം പിഎസ്സിയെ അറിയിച്ചിരുന്നു.ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി.എസ്.സി ആസ്ഥാനത്ത് എത്തിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് വിട്ടു നൽകാൻ ആകില്ല എന്ന് അറിയിച്ച രേഖകളും പരിശോധിക്കപ്പെടും. പരീക്ഷാ നടപടിക്രമങ്ങൾ, മൂല്യനിർണയ രീതി, സാങ്കേതിക സംവിധാനങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
അതേസമയം, ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പി.എസ്.സിയുടെ നിർണായക യോഗവും ആരംഭിച്ചു. വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണവും യോഗത്തിൽ ചർച്ചയാകും.വിവാദ പരീക്ഷയുടെ വിവരങ്ങൾ ഏഴ് ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെയും പി എസ് സി ഉടൻ ഹൈക്കോടതിയെ സമീപിക്കും.