അമിത ശബ്ദവും വെളിച്ചവുമുള്ള മോഡിഫിക്കേഷന്‍ അനുവദിക്കാനാകില്ല; കേന്ദ്രനിയമം ബാധകമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
അമിതമായ വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ (Vehicle Modification) ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ കൃത്യമായ നിയമാവലികൾ നിലവിലുണ്ടെന്നും അത് സംസ്ഥാനത്തും പൂർണ്ണമായി ബാധകമാണെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ സജി ചെറിയാൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കളർകോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്‌സുകൾ, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള കാര്യങ്ങൾ ഘടിപ്പിക്കൽ എന്നിവയുൾപ്പെടെ നിയമവിധേയമായി അനുവദിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഗതാഗത മന്ത്രി സഭയിൽ വ്യക്തമാക്കി.
കേരളത്തില്‍ നിലവിൽ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് അതീവ കര്‍ശനമായ നിയമങ്ങളാണ് നിലവിലുള്ളത്. മുൻകൂർ അനുമതിയില്ലാതെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാൽ വലിയ തുക പിഴ ചുമത്തപ്പെടാനും, ഭാവിയിൽ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം പൂർണ്ണമായി റദ്ദാകാനും സാധ്യതയുണ്ട്. അതേസമയം, സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.
അനുമതി ആവശ്യമില്ലാത്ത 18 തരം മാറ്റങ്ങൾ
മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലാത്തത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
- അകത്തള സൗകര്യങ്ങൾ: സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍.
- പുറംമോടി: ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍.
- സാങ്കേതിക സൗകര്യങ്ങൾ: ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് (GPS).
- മറ്റുള്ളവ: റൂഫ് കാരിയറുകള്‍, 50 ശതമാനം വരെ കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിയമ തടസമില്ല.
വാഹനങ്ങളുടെ റോഡ് സുരക്ഷയും മറ്റ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കാത്ത തരത്തിലുള്ള ഇത്തരം നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ഇനി വിപണിയിൽ മോഡിഫിക്കേഷനുകൾ അനുവദിക്കൂ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.