കേരളത്തിൽ കടുത്ത ചൂട്; രണ്ടിടങ്ങളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ വിവിധയിടങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും സൂചിക എട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അൾട്രാവയലറ്റ് സൂചിക എട്ട് മുതൽ പത്ത് വരെ രേഖപ്പെടുത്തുന്ന ഇടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകുന്നത്.
കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ സൂചിക ആറ് മുതൽ ഏഴ് വരെയാണ്. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾക്ക് തീവ്രത കൂടുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ പുറത്തിറങ്ങുന്നവർ കുടയോ മറ്റ് സുരക്ഷാ മാർഗങ്ങളോ സ്വീകരിക്കണം. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ അറിയിപ്പ്.