സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും; താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം

 

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതിനെ തുടർന്ന് താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്ന നിലയിലായതിനാൽ യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ കാഠിന്യം അനുഭവപ്പെടും. ഇതോടെ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് (36.2°C). കോട്ടയം (35°C), തൃശൂർ, പാലക്കാട് (34.3°C) എന്നിവിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെട്ടു. നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ലെങ്കിലും സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക മുൻകരുതലുകൾ ആവശ്യമാണ്.

പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

  • പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളമായി കുടിക്കുക. മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കുക.
  • നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ, മാധ്യമപ്രവർത്തകർ, ഓൺലൈൻ ഡെലിവറി ജീവനക്കാർ എന്നിവർ ഉച്ചസമയത്ത് തണലിൽ വിശ്രമിക്കുകയും കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യുക.
  • സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുക. ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പുവരുത്തുക.
  • കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ഉച്ചവെയിലിൽ പുറത്തിറങ്ങരുത്.
  • തുറസ്സായ സ്ഥലങ്ങളിലും കാടുകളിലും തീപിടുത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്താനും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.