മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്.ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി.
മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.തുടർന്ന് ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി തുടരുമെന്നും വകുപ്പ് അറിയിച്ചു.