വ്യാജ ഒപ്പ് വിവാദം: എസ്.പി. ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി മേയർ വി.വി. രാജേഷ്

 

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം നേതാവ് എസ്.പി. ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി.വി. രാജേഷ്. തനിക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് എസ്.പി. ദീപക് പരസ്യമായി മാപ്പ് പറയണമെന്നും മേയർ ആവശ്യപ്പെട്ടു.

സുഗതന്റെ ഒപ്പ് കൗൺസിൽ ബുക്കിൽ വ്യാജമായി രേഖപ്പെടുത്തിയെന്നായിരുന്നു എസ്.പി. ദീപക്കിന്റെ ആരോപണം. ഇതിന് പിന്നാലെ മേയർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

അതേസമയം ആരോപണം മേയർ വി.വി. രാജേഷ് നേരത്തെ നിഷേധിച്ചിരുന്നു. ഒപ്പും ഹാജർ രജിസ്റ്ററും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും മേയർ വ്യക്തമാക്കിയിരുന്നു.