മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ എസ്എംഎസ് തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്
ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരിൽ വ്യാജ എസ്എംഎസുകൾ അയച്ച് നടത്തുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത്. വാഹനങ്ങളുടെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തി, നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാൻ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ആർക്കും സംശയം തോന്നാത്ത വിധം ഔദ്യോഗിക സന്ദേശങ്ങളുടെ മാതൃകയിലാണ് തട്ടിപ്പുകാർ ഇത് തയ്യാറാക്കുന്നത്. സന്ദേശത്തിലെ റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. തുടർന്ന് പിഴയടയ്ക്കാനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സിവിവി, ഒടിപി തുടങ്ങിയ രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുകയും, ഇവ നൽകുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇത്തരം സന്ദേശങ്ങളിലെ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുതെന്ന് പൊലീസ് നിർദ്ദേശിക്കുന്നു. വാഹനങ്ങൾക്ക് യഥാർത്ഥത്തിൽ പിഴയുണ്ടോ എന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചെലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ ഒടിപിയോ ഒരു കാരണവശാലും കൈമാറരുതെന്നും വ്യാജ ലിങ്കുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒട്ടും സമയം പാഴാക്കാതെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ ഉടൻ പരാതി നൽകേണ്ടതാണ്.