പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു; അന്ത്യം സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന്
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപ് ആലപ്പുഴയിൽ പുതിയ ദിലീപ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആലപ്പുഴയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റിയ ഷാജികുമാർ, ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
'പുലിമുരുകൻ', 'നരൻ', 'ഒടിയൻ' തുടങ്ങി അൻപതിലേറെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള അദ്ദേഹം മാസ് ആക്ഷൻ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി സിനിമകളിലും സജീവമായിരുന്നു. 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ. 'അതിമനോഹരം' ഡിസംബർ 24-ന് റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം.