വിട ചൊല്ലി നാട്; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തിച്ചു; സംസ്കാരം ഇന്ന്

 

വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. മലപ്പുറം അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സ്കൂളിലെത്തി അന്തിമോപചാരമർപ്പിച്ചു. സ്കൂളിലെ പൊതുദർശനത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്. സ്കൂളിലെ അഞ്ച് അധ്യാപകർ, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് മരിച്ചത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും, റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദിലും ഖബറടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടെ സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദിൽ നടക്കും. പ്രധാന അധ്യാപിക അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തി തീരത്തും അധ്യാപിക ആശയുടെ മൃതദേഹം കൊളത്തൂരിലെ തറവാട്ട് വീട്ടിലും സംസ്കരിക്കും.

വെള്ളിയാഴ്ച വൈകീട്ട് വാൽപ്പാറ കുന്നിൻ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഫാഇസ് ആണ് വാഹനം ഓടിച്ചിരുന്നത്.