കുടുംബവഴക്ക്; പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി

 

കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിൽ പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ചിറക്കാക്കോട്ടു കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോൺസനാണ് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവത്തിന് ശേഷം വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. ഇയാൾക്കും അപകടത്തിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്.

പൊള്ളലേറ്റ ജോജിയുടെയും മകൻ ടെണ്ടുൽക്കറിന്റെയും നില ഗുരുതരമാണ്. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.