പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

 

ആലപ്പുഴ മാന്നാറില്‍ രണ്ട് പെണ്‍മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്ന മക്കളായ ശിവഗംഗ, ശിവ കീര്‍ത്തന എന്നിവര്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സ്‌കൂളില്‍ നിന്ന് കുട്ടികളെ വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് ഈ കടുംകൈ ചെയ്തത്. ജ്യൂസില്‍ വിഷം കലർത്തിയാണ് മക്കൾക്ക് നൽകിയത്. വിഷമാണെന്ന് അറിയാതെയാണ് കുട്ടികൾ ജ്യൂസ് കുടിച്ചതെന്ന് പോലീസ് അറിയിച്ചു. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചത്.

കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മനോജിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.