പനിച്ച് കേരളം; ഒരു ദിവസം 12,000ത്തിലധികം കേസുകൾ

 

കേരളത്തിൽ പനി ബാധിതർ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 12,191 പേർ സംസ്ഥാനത്തുടനീളം പനി ബാധിച്ച് ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. മലപ്പുറത്താണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ്തത്. 2222 കേസുകൾ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം കേസ് റിപ്പോർട്ട് ചെയ്തു. 19 പേർക്ക് എലിപ്പനിയും ആറ് പേർക്ക് മലേറിയയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. 105 പേർക്കാണ് കഴിഞ്ഞദിവസം മാത്രം ഡെങ്കിപ്പനി സ്ഥിരികരിച്ചത്.

'എറണാകുളത്താണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 105 ൽ 32 കേസുകളും എറണാകുളത്താണ്. 10 ദിവസത്തിനിടെ 698 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അയ്യായിരത്തിലധികം പേർ ഡെങ്കിപ്പനി സംശയത്തിലാണ്. 10 മരണമാണ് രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്തത്.

വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ വേഗത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

അതേസമയം സംസ്ഥാനത്ത് ഈ മാസം 92 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത്. ഈ വർഷം ആകെ 168 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് അഞ്ച് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മാർച്ചിലാണ് ഒരു മരണം. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ചത്