ഒടുവിൽ ബി.ജെ.പിക്ക് ആശ്വാസം; രാജി പിൻവലിച്ച് ആർ. ശ്രീലേഖ

 

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിൻവലിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പാർട്ടി നേതൃത്വം നൽകിയ ഉറപ്പിനെ തുടർന്നാണ് ആർ. ശ്രീലേഖ രാജി പിൻവലിക്കുകയും, വാട്സ്ആപ്പിൽ പങ്കുവെച്ച രാജിക്കത്ത് സന്ദേശം പിൻവലിക്കുകയും ചെയ്തത്.

സെപ്റ്റംബർ 30-ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മേയർ വി.വി. രാജേഷിന് ശ്രീലേഖ രാജിക്കത്ത് കൈമാറുകയായിരുന്നു. കൗൺസിലർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രാജിക്കാര്യം പരസ്യമാക്കിയതോടെ കോർപറേഷൻ ഭരണത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. എന്നാൽ രാജിക്കത്ത് കോർപറേഷൻ സെക്രട്ടറിക്ക് കൈമാറാത്തതിനാൽ പാർട്ടി നേതൃത്വത്തിന് സമവായ ചർച്ചകൾക്ക് വഴിതുറക്കുകയായിരുന്നു.