സിവിൽ സ്റ്റേഷൻ മാർച്ചിൽ എഫ്‌ഐആർ; എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു

 

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് ഇന്നലെ നടന്ന നഴ്സുമാരുടെ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതേസമയം, എംഎൽഎയുടെ പേര് എഫ്‌ഐആറിൽ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗൺ എസ്‌ഐയും എംഎൽഎയും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്‌ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പ്രതികരണവുമായി എംഎൽഎ. പ്രകോപനമുണ്ടാക്കിയത് എസ്‌ഐ ആണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും എംഎൽഎ കുറ്റപ്പെടുത്തി. സിനിമ സ്‌റ്റൈലിൽ, ഭീഷണി സ്വരത്തിൽ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്‌നം. മോശമായി പെരുമാറിയതാണെന്നും എം വിജിൻ പറഞ്ഞിരുന്നു.