വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിത്തം; വിദ്യാർത്ഥികളും അധ്യാപകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 

പാലക്കാട് ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് എല്ലാവരും പുറത്തിറങ്ങി പരിശോധിച്ചതിനാൽ ബസിലുണ്ടായിരുന്ന 45 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വരോട് കെ.പി.എസ്.എം.എം വി.എച്ച്.എസ്.ഇ സ്‌കൂളിൽനിന്ന് പുറപ്പെട്ട സംഘം കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെ തേനി ജില്ലയിലെ ദേവധാനപ്പെട്ടിയിൽ വെച്ചായിരുന്നു സംഭവം. പ്രഭാതഭക്ഷണം കഴിഞ്ഞ് ബസിലേക്ക് കയറുന്നതിനിടെ പിൻവശത്തെ ചക്രം പൊട്ടുകയായിരുന്നു. എല്ലാവരും പുറത്തിറങ്ങിയതിന് പിന്നാലെ ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു.

തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസിന്റെ പകുതിയിലധികം ഭാഗവും കത്തിനശിച്ചു. യാത്രക്കാരുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും തീപിടിത്തത്തിൽ പൂർണ്ണമായി നശിച്ചിട്ടുണ്ട്.