പാലക്കാട് പട്ടാമ്പിയിൽ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല

 

പാലക്കാട് ജില്ലയിലെ പട്ടാമ്പി കുടലൂരിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ ഇന്ന് ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഫറിന്റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനത്തിൽ നിന്ന് തീയും കനത്ത പുകയും ഉയർന്നത്.വിവരം ലഭിച്ച ഉടൻ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും, ടയർ കത്തിയതിനെ തുടർന്ന് തീ അതിവേഗം പടരുകയും കനത്ത പുക ഉയരുകയും ചെയ്തതോടെ ആദ്യഘട്ടത്തിൽ അഗ്‌നിശമന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലായി. തുടർന്ന് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്ന് അധിക ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിച്ച് തീയണക്കാനുള്ള ശ്രമം ശക്തമാക്കി.ഉച്ചയ്ക്ക് തൊഴിലാളികൾ ഭക്ഷണത്തിനായി പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിൽ ഏകദേശം 50ലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.  തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.