മഴക്കെടുതി: ദുരിതബാധിതർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും ആവശ്യമായ എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദുരിതബാധിതരുടെ പുനരധിവാസത്തിനും നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഈ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ കണക്കനുസരിച്ച് മഴക്കെതിയില്‍ എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.