സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

 

സംസ്ഥാനത്ത് വരും മണിക്കൂറില്‍  എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത. കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതെ സമയം ഇന്ന് തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

നിലവിൽ സംസ്ഥാനത്തെ നാല് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിലാണ് റെഡ് അലർട്ട്. കക്കയം, കുറ്റ്യാടി ഡാമുകളിൽ ഓറഞ്ച് അലർട്ടും,, മൂഴിയാറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. 13 പേർക്ക് പരിക്കേൽക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു‌. നിലവിൽ സംസ്ഥാനത്തുടനീളമായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ളത്. 66 ക്യാമ്പുകളിലായി 1669 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ 35 ക്യാമ്പുകളിലായി 824 പേരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.