കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് അയച്ച് കെ.പി. ഉദയഭാനു

 

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്നും അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പരാമർശിച്ചുമാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിൽ തെറ്റായ വിവരങ്ങളുണ്ടെന്നും അപകീർത്തികരമാണെന്നുമാണ് ഉദയഭാനുവിന്റെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് പരസ്യമായി മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും നിർദേശമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അടൂർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. പൊതുപ്രവർത്തകന്റെ പ്രതിച്ഛായ തകർക്കാനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്നയാളാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളും എഫ്‌ഐആറിലുണ്ട്.

പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.