പിതൃക്കളുടെ ആത്മശാന്തിക്കായി തര്‍പ്പണം; കര്‍ക്കടക വാവ് ബലിക്ക് ഒരുങ്ങി ക്ഷേത്രങ്ങള്‍

 


കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

  ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും,സ്നാനഘട്ടങ്ങളിലും, കടല്‍ത്തീരങ്ങളിലും ഭവനങ്ങളിലും ബലിതര്‍പ്പണത്തിനായി എത്തുന്നത്.

കർക്കടകവാവിന്റെ തലേദിവസം ഒരിക്കല്‍ എടുത്തു വേണം പിറ്റേദിവസം ബലിയിടാൻ. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഈ സമയത്ത് കഴിക്കാന്‍ പാടുള്ളതല്ല. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച്‌ വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ. വ്രതം 48 മണിക്കൂര്‍ വേണം എന്നാണ് ആചാര്യമതം.

പിതൃക്കളുമായി രക്തബന്ധമുള്ള ആര്‍ക്കും കര്‍ക്കടക വാവുബലി അര്‍പ്പിക്കാം. എന്നാല്‍ അച്ഛനോ അമ്മയോ രണ്ട് പേരുമോ മരിച്ചു പോയവര്‍ ആണ് സാധാരണ ബലികര്‍മങ്ങള്‍ അനുഷ്ഠിച്ചു വരുന്നത്. പിതൃക്കള്‍ക്ക് ഭക്ത്യാചാരപൂര്‍വ്വം ഭക്ഷണവും പൂജയും അര്‍പ്പിക്കുക എന്നതാണ് ബലികൊണ്ട് അര്‍ഥമാക്കുന്നത്. ചടങ്ങുകള്‍ ചെയ്യാന്‍ മനസ്സും ശരീരവും കര്‍മവും വ്രതത്തിലൂടെ ശുദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കാറുണ്ട്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്ബാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തില്‍ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍.