വിദേശയാത്ര വിവാദം; സർക്കാർ ചെലവിലല്ല യാത്രയെന്ന് മന്ത്രി ഒ.ജെ. ജനീഷ്

 

വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. തന്റെ യാത്ര സർക്കാർ ചെലവിലല്ലെന്നും തുടർച്ചയായ ജോലികൾക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. 37 വയസ്സാണ് തന്റെ പ്രായമെന്നും ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും മന്ത്രി ചോദിച്ചു. സർക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്താതെയും പൗരന്മാരുടെ നികുതിപ്പണം നഷ്ടപ്പെടുത്താതെയും ഇടയ്ക്കൊക്കെ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

“മന്ത്രിമാർക്ക് ആർക്കും സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? ഇത് ഏത് കാലമാണ്. തുടർച്ചയായ ജോലികൾക്കിടയിൽ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സർക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളിൽ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും ഇടയ്ക്കൊക്കെ യാത്ര പോയെന്നിരിക്കും” – മന്ത്രി പറഞ്ഞു.