നടപടി കടുപ്പിച്ച് വനം വകുപ്പ്; ചിന്നക്കനാലിൽ 10 ഹെക്റ്റർ വനഭൂമി ഒഴിപ്പിച്ചു; ഏലകൃഷി നശിപ്പിച്ചു, ഫെൻസിങ് പൊളിച്ചു നീക്കി

 

ഇടുക്കി ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കൈയേറിയ 10 ഹെക്റ്റർ ഭൂമി വനം വകുപ്പ് ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയിൽ നടത്തിയിരുന്ന ഏലകൃഷി നശിപ്പിക്കുകയും സ്ഥാപിച്ചിരുന്ന ഫെൻസിങ്ങുകൾ പൊളിച്ചുനീക്കുകയും ചെയ്തു.

വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകളും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വർഷങ്ങൾക്ക് മുൻപ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ചിരുന്ന 56 ഹെക്റ്ററോളം വനഭൂമി കൈയേറിയതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.

വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി സ്വാഭാവിക സഞ്ചാരപാതകൾ പുനഃസ്ഥാപിക്കണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കെഎസ്ഇബി വൃഷ്ടിപ്രദേശത്തും സമാനമായ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും വരും ദിവസങ്ങളിൽ ഒഴിപ്പിക്കൽ നടപടിയുണ്ടാകും.വനം മന്ത്രി ഷിബു ബേബി ജോണിന്റെ പൂർണ പിന്തുണയോടെയാണ് നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.