'സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന ലാഘവപൂർണ്ണം'; തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

 

വയനാട്ടിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 'സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല' എന്ന വനംമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ലാഘവപൂർണ്ണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കേണ്ട സർക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് പേരുടെ ജീവനാണ് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിയിട്ടില്ല. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും കൃത്യമായ സംരക്ഷണവും ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഇന്ന് തോട്ടം തൊഴിലാളിയായ രാജു കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. രാജുവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും സി.പി.എം പ്രവർത്തകരും മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനമായതായി മാനന്തവാടി എം.എൽ.എ ഉഷ വിജയൻ അറിയിച്ചു. അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും ബാക്കി തുക ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നൽകുമെന്നും എം.എൽ.എ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം

'വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന അങ്ങേയറ്റം ലാഘവപൂർണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനമാണ് ഉയർന്നു വന്നിട്ടുള്ളത്.

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവനഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണം.

ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണം. വന്യജീവി ആക്രമണത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.'