മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിക്ക് കോട്ടുളിയിൽ തിങ്കളാഴ്ച കബറടക്കം
മുൻ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്ച കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ നടക്കും. ഞായറാഴ്ച രാവിലെ 11.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം തൃശൂർ അതിരൂപതാ മന്ദിരത്തിലാണ്. 12.15 വരെ തൃശൂർ ഡോളേഴ്‌സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 1.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര. വൈകിട്ട് 5നു തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തുന്നതുവരെ പൊതുദർശനം ഉണ്ടായിരിക്കും. 22 തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കു കബറടക്കശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. വിശുദ്ധ കുർബാനയോടെയായിരിക്കും ശുശ്രൂഷകൾ.
ഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ 'ഹോം ഓഫ് ലൗ'ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രൂഷയുടെ സമാപന തിരുക്കർമങ്ങൾ നടക്കും. ശുശ്രൂഷ നടക്കുന്ന തിങ്കളാഴ്ച തൃശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾക്കു പകരം സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാമെന്നും അത് പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണെന്നും തൃശൂർ അതിരൂപത അറിയിച്ചു.
കർമപഥത്തിൽ ഏറെക്കാലം അദ്ദേഹം നെഞ്ചോടു ചേർത്തുപിടിച്ച മണ്ണിലാകും അന്ത്യവിശ്രമം. ജന്മം കൊണ്ട് പാലാക്കാരനാണെങ്കിലും കർമം കൊണ്ട് അദ്ദേഹം മലബാറുകാരനായിരുന്നു. വൈദികനായ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബം കോഴിക്കോട്ടെ തിരുവമ്പാടിയിലേക്ക് കുടിയേറിയത്. തിരുവമ്പാടിയാണ് അദ്ദേഹത്തിന്റെ മാതൃ ഇടവകയും.