മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ്

 

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ചുമത്തിയിരുന്ന ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് . വ്യോമയാന നിയമപ്രകാരമുള്ള വകുപ്പാണ് വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോർട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. അതേസമയം, വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ നിലനിൽക്കും

കേന്ദ്രസർക്കാരിന്റെ എതിർപ്പിനെ മറികടന്നാണ് ആദ്യം വ്യോമയാന നിയമപ്രകാരം വകുപ്പ് ചുമത്തിയിരുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെതിരെ നേരത്തെ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

2022 ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയത്. തുടർന്ന് വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ.എസ് ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ.