ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ അറസ്റ്റിൽ. പ്രതിയെ ഇന്ന് വൈകീട്ട് റാന്നി കോടതിയിൽ ഹാജരാക്കും.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ ഉച്ചയോടെയാണ് സുധീഷ് കുമാറിനെ എസ്ഐടി ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശിൽപ്പപാളിയും വാതിൽപ്പടിയും സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകൾ എന്ന് എഴുതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ശുപാർശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തകിടുകൾ കൊടുത്തുവിട്ടപ്പോൾ തയ്യാറാക്കിയ മഹസറുകളിൽ ചെമ്പുതകിടുകൾ എന്നുമാത്രം എഴുതി സ്വർണം കവരാൻ സുധീഷ് കുമാർ സാഹചര്യമൊരുക്കി എന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ. മഹസർ എഴുതിയപ്പോൾ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണെന്നാണ് വിവരം. ഇളക്കിയെടുത്ത പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരിട്ടുകൊടുക്കുന്നു എന്ന് മഹസർ എഴുതിയശേഷം പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തതും സുധീഷായിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീകോവിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട 1998- 99 മുതലുള്ള രേഖകൾ അന്വേഷകസംഘം ബോർഡ് ആസ്ഥാനത്തുനിന്ന് ശേഖരിച്ചു. ഇവ വിശദമായി പരിശോധിച്ചശേഷം ഇപ്പോഴുള്ള അളവ് കണക്കാക്കും. ഇതിലെ കുറവും രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും സ്വർണത്തിന്റെ കുറവ് കണക്കാക്കുക.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം മോഷണം പോയ കേസുകളിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുൻ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ചങ്ങനാശേരി പെരുന്ന തെക്കേടത്ത് മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 13വരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ശിൽപ്പപാളി കേസിൽ രണ്ടാംപ്രതിയും കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ആറാംപ്രതിയുമാണ് ഇയാൾ.