മുൻ കൊച്ചി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിന് ക്രൈംബ്രാഞ്ച് ഐജിയുടെ ചുമതല

 

മുൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഭീകരവിരുദ്ധ സേനയായ എടിഎസിന്റെ ഡിഐജി ചുമതലയും അധികമായി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച സംസ്ഥാന സർക്കാർ പുറത്തിറക്കി.

ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് കാളിരാജ് മഹേഷിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം ആർ. നിശാന്തിനിയെ നിയമിച്ചിരുന്നു.

അപകടക്കേസിന്റെ അന്വേഷണത്തിൽ കാളിരാജ് മഹേഷിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ എഡിജിപി പി. വിജയൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് രണ്ടാം വിഭാഗം ഐജിയായാണ് കാളിരാജ് മഹേഷിന്റെ നിയമനം. എടിഎസ് ഡിഐജിയുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും.