എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ ആത്മകഥയെഴുതുന്നു; ജീവിതത്തിലുണ്ടായ വിവാദങ്ങളും വിശദീകരിക്കും

 

 എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇ.പിയെ നീക്കിയിരുന്നു. ജനകീയ നേതാവായി തുടരുമ്പോഴും പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഇ.പി ജയരാജൻ. 

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നതും നിരന്തരമായ അദ്ദേഹത്തിൻറെ ജാഗ്രതക്കുറവ് മുൻനിർത്തിയാണ്. ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ  തുറന്നുപറച്ചിൽ ഇ.പി ജയരാജന് കനത്ത വെല്ലുവിളിയായിരുന്നു. 

ഈ വിവാദവും ഇ.പിക്ക് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. അതേസമയം ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയെങ്കിലും പാർട്ടിയുടെ സംഘടനാ അച്ചടക്ക നടപടി ഉണ്ടാകാൻ സാധ്യത കുറവാണ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം. നടപടി വേണമെങ്കിൽ പാർട്ടി കോൺഗ്രസ് കഴിയേണ്ടി വരും. മെയിൽ 75 വയസ്സ് പൂർത്തിയാകുന്ന ഇ.പി. ജയരാജനെ അടുത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.  ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു.