മുൻമന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർക്ക് എസ്.ഐ.ടി ക്ലീൻ ചിറ്റ്
മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) ക്ലീൻ ചിറ്റ്. കണ്ണൂരിൽ നടന്നത് സാധാരണ കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും, പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡി.ജി.പിക്ക് സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ടിൽ എസ്.ഐ.ടി വ്യക്തമാക്കുന്നു.
മന്ത്രിയും ഗൺമാനും ചേർന്ന് സംഭവത്തെ പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കറുത്ത തുണി ഉയർത്തി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ലെന്നും ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുൻമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വധശ്രമത്തിന് മൊഴി നൽകിയതെന്ന് ഗൺമാൻ പിന്നീട് എസ്.ഐ.ടിക്ക് മുന്നിൽ മൊഴി മാറ്റി.
2026 ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടന്ന് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനന്റെ ഹർജിയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചതോടെ കേസ് പൂർണ്ണമായും നിലനിൽക്കാത്ത അവസ്ഥയിലേക്കെത്തും.