രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ ചെയർമാൻ അറസ്റ്റിൽ; കുടുങ്ങിയത് ഓപ്പറേഷന്‍ തൂഫാനിടെ
രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് പോലീസിന്റെ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ ഇയാൾ അറസ്റ്റിലായത്.
ആളില്ലാത്ത സ്ഥലത്തുവച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ചു കഴിഞ്ഞിരുന്നു. സനീഷിന്റെ കൈയ്യിൽ നിന്ന് രാസലഹരി നേരിട്ട് കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായതിനെ തുടർന്ന് 2024-ൽ ഇയാൾക്ക് തൊടുപുഴ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച ശേഷം എൽഡിഎഫ് പിന്തുണയോടെയാണ് ഇയാൾ ചെയർമാനായിരുന്നത്. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയിരുന്നില്ല.