കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള അന്തരിച്ചു

 

കേരള സർവകലാശാല മുൻ ചാൻസിലറും അമൃത വിശ്വവിദ്യാപീഠം സ്‌ക്കൂൾ ഓഫ് ഫിസിക്കൽ സയൻസ് ഡീനുമായ ഡോ. വി.പി. മഹാദേവൻ പിള്ള (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലായിരിക്കും സംസ്‌കാരം.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് അദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസം. കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി 2018ൽ നിയമിക്കുന്നത്

കേരള സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഫിസിക്‌സ് വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2001ൽ കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വകുപ്പിൽ റീഡറായി ചേർന്നു. 2005ന് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചു.ജർമനിയിലെ സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് കൊച്ചി അമൃത ഹോസ്പിറ്റലിൽ നിന്നും മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ഉച്ചക്ക് മൂന്നുമണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ പൊതുദർശനത്തിന് വെക്കും.റിട്ട. അഡിഷനൽ സെക്രട്ടറി എസ്.ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: എം.അരുൺകുമാർ, എം. ആനന്ദ്കുമാർ.