കൂത്താട്ടുകുളത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല്പതോളം പേർക്ക് പരിക്ക്

 

എറണാകുളം കൂത്താട്ടുകുളം കാക്കൂറിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടികളടക്കം നാല്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

അറുപതോളം യാത്രക്കാരുമായി കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിച്ച ഇരുചക്രവാഹന യാത്രികനെ രക്ഷിക്കുന്നതിനിടെ ബസ് വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഇൻഡിക്കേറ്റർ നൽകാതെയും പിന്നിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെയുമാണ് സ്‌കൂട്ടർ യാത്രികൻ പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിച്ചത്. സ്‌കൂട്ടറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചുമാറ്റുകയായിരുന്നു. വേഗതയിലായിരുന്ന ബസ് ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പെട്രോൾ പമ്പിന്റെ ബോർഡിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.