വിവാഹം കഴിഞ്ഞ് നാല് മാസം; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

 

നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാരയാണ് മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു സാന്ദ്രതാരയെ കണ്ടെത്തിയത്. പ്രദേശത്ത് അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു സാന്ദ്രതാര.

കൊല്ലം സ്വദേശികളായ രമേശനും താരയുമാണ് മാതാപിതാക്കൾ. നേരത്തെ പറശ്ശിനിത്തടത്തിൽ താമസിച്ചിരുന്ന കുടുംബം പിന്നീട് ബാവുപ്പറമ്പിലേക്ക് താമസം മാറിയിരുന്നു. സൂര്യജിത്താണ് സഹോദരൻ.സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.