പതിനാലുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് തേടി.

റിപ്പോർട്ട് ലഭിച്ചാലുടൻ പരിശോധിച്ച് ശക്തമായ തുടർനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ദാരുണമായി അന്ത്യം സംഭവിച്ച കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബിക്ക് മന്ത്രി നിർദ്ദേശം നൽകി.

ഇന്ന് രാവിലെ സുഹൃത്തുക്കളോടൊപ്പം വയലിൽ കളിക്കുന്നതിനിടയിലാണ് സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ ജുനൈദ് മരണപ്പെട്ടത്. വെന്നിയൂർ കെഎസ്ഇബി സെക്ഷൻ പരിധിയിലാണ് ഈ അപകടം ഉണ്ടായത്. വയറിൽ വൈദ്യുതി പ്രവഹിക്കുന്ന വിവരം പലതവണ കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.