വള്ളസദ്യയുടെ പേരിൽ തട്ടിപ്പ്; 5,000 രൂപവരെ വാങ്ങി കബളിപ്പിക്കുന്നതായി പരാതി
ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് പണം തട്ടുന്നതെന്നാണ് പരാതി. സദ്യ ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപവരെയാണ് ഇയാൾ പലരിൽനിന്നും ഈടാക്കിയത്.
ആറന്മുള സദ്യയ്ക്ക് പുറത്തുനിന്നുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. 300 രൂപയാണ് സദ്യയുടെ നിരക്ക്. എന്നാൽ ദേവസ്വം ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് ഇതിന്റെ പലമടങ്ങ് തുക വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി ആറന്മുളയിലെത്തി സദ്യയ്ക്ക് ശ്രമിക്കുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഓൺലൈൻ വഴിയുള്ള തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലായി ഇരയായതെന്നും പരാതിയുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘം വഴി ആറന്മുള പൊലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
അതേസമയം, പള്ളിയോട സേവാസംഘം നൽകുന്ന പ്രത്യേക പാസുകൾ പത്ത് ദിവസം മുൻപേ തന്നെ തീർന്നിരുന്നു. ഈ വർഷം ഇനി പ്രത്യേക പാസുകൾ ലഭ്യമല്ലെന്ന വിവരം മറച്ചുവെച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നും പരാതിയുണ്ട്.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സെപ്റ്റംബർ 16 വരെയാണ് വള്ളസദ്യ നടക്കുന്നത്. വള്ളസദ്യ ബുക്ക് ചെയ്യുന്നതിനായി അപരിചിതർക്ക് പണം കൈമാറുന്നതിന് മുമ്പ് ഔദ്യോഗിക വിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.