കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വിസി

 

കേരള സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ (SDE) പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. ഇത്തരം വ്യാജ പ്രവേശന പോർട്ടലുകളിൽപ്പെട്ട് വിദ്യാർത്ഥികളും അപേക്ഷകരും വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ മുന്നറിയിപ്പ് നൽകി.

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചാണ് പോർട്ടൽ വഴി ഓൺലൈനായി രജിസ്ട്രേഷനും പണവും സ്വീകരിക്കുന്നത്. ഇത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും വലിയ സാമ്പത്തിക തട്ടിപ്പിനും വഴിവെക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. ഇത്തരം അനധികൃത പോർട്ടലുകളിൽ നിന്നുള്ള ലിങ്കുകളോ പേയ്മെന്റ് ആവശ്യങ്ങളോ പൂർണ്ണമായും വ്യാജമായി കണക്കാക്കണം.

വ്യാജ വെബ്സൈറ്റുകൾ വഴി വിവരങ്ങൾ കൈമാറുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് മാത്രം ആശ്രയിക്കണമെന്നും വി.സി നിർദേശിച്ചു. സംഭവത്തിൽ സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ വിവരങ്ങളും പണവും നൽകിയവർ അടിയന്തരമായി സാമ്പത്തിക സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.