ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; അരവണ തപാലിൽ വീട്ടിലെത്തും
ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് എൽ.ഐ.സി.യുമായി സഹകരിച്ച് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തീർത്ഥാടകരിൽ നിന്ന് ഇതിനായി പണം ഈടാക്കില്ലെന്നും ഒന്നരക്കോടി രൂപ ബോർഡ് പ്രീമിയമായി അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. യാത്ര തിരിക്കുന്ന തലേദിവസം അപകടമരണത്തിന് മാത്രമാണ് കവറേജ് ഉള്ളത്. എന്നാൽ സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും അപകടമരണത്തിന് പുറമെ ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി പമ്പയിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്. തീർത്ഥാടകർ വാങ്ങുന്ന അരവണയും അപ്പവും കേടുകൂടാതെ നാട്ടിലെത്തിക്കാൻ തപാൽ വകുപ്പുമായി സഹകരിച്ച് സന്നിധാനത്ത് പ്രസാദ കൗണ്ടറുകൾക്ക് സമീപം തപാൽ ഓഫീസ് പ്രവർത്തിക്കും. വൃശ്ചികപ്പുലരിയിൽ നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകും. പ്രസാദ വിതരണത്തിനായി 22 കൗണ്ടറുകളും അഞ്ച് അരവണ വെൻഡിങ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.
തീർത്ഥാടകരുടെ സൗകര്യാർത്ഥം നീലിമലപ്പാതയിൽ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകളും നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് വിശ്രമിക്കാവുന്ന കൂളർ സൗകര്യത്തോടുകൂടിയ രണ്ട് വലിയ പന്തലുകളും ഒരുക്കി. നിലയ്ക്കലിൽ എ.ഐ. അധിഷ്ഠിത പാർക്കിങ് സംവിധാനവും, ചെങ്ങന്നൂരിൽ സ്പോട്ട് ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നെത്തുന്ന ടാക്സികൾക്ക് പമ്പയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. കൂടാതെ സന്നിധാനത്തെ അന്നദാനത്തിന് ഉച്ചയ്ക്ക് സദ്യ നൽകാനും ഡോളി സർവീസുകൾ പൂർണ്ണമായും പ്രീപെയ്ഡ് ആക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.