കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര; ജൂൺ 15-ഓടെ തുടക്കമായേക്കും
സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്നും അത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം സർക്കാർ കെഎസ്ആർടിസിക്ക് നികത്തി നൽകും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെ, ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ സർക്കാരിന് അധികമായി കണ്ടെത്തേണ്ടി വരും. കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ അത് 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ സൗജന്യ യാത്ര നിലവിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
ജൂൺ 15-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഭാവിയിൽ മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് പരിഗണിക്കും.