സ്ത്രീകൾക്ക് സൗജന്യ യാത്ര; കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലുമായി ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. മൂന്ന് മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിൽ 112 കോടി രൂപയുടെ നഷ്ടസാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര നടപ്പാക്കിയാൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. സിറ്റിഫാസ്റ്റ്, ഓർഡിനറി ബസുകളിലായി പദ്ധതി വ്യാപിപ്പിച്ചാൽ നഷ്ടം 65 കോടി രൂപയാകും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്കും പദ്ധതി നടപ്പാക്കിയാൽ 90 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നുമാണ് കണക്ക്
ജൂൺ 15 മുതലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീ യാത്രക്കാരുടെ കണക്ക് ശേഖരിക്കാൻ പ്രത്യേക ടിക്കറ്റിങ് സംവിധാനം ഉൾപ്പെടെ നടപ്പാക്കിയിരുന്നു.റിപ്പോർട്ട് പ്രകാരം പ്രതിദിനം കെഎസ്ആർടിസി സർവീസുകൾ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ ഏകദേശം 19 ലക്ഷം പേരും സ്ത്രീകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് സർക്കാർ പരിശോധിച്ച ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയാകും പദ്ധതി അന്തിമമായി നടപ്പാക്കുക.