ഫ്രഷ്‌കട്ട് താൽക്കാലികമായി അടച്ചിടും; എം.എൽ.എമാരുമായി നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം
പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഫ്രഷ്‌കട്ട് സ്ഥാപനം താൽക്കാലികമായി അടച്ചിടും. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടാകുന്നത് വരെയാണ് കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കുന്നത്.
വിഷയത്തിൽ എം.എൽ.എമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം എന്നിവർ വരും ദിവസങ്ങളിൽ ഫ്രഷ്‌കട്ട് പ്രതിനിധികളുമായി ചർച്ച നടത്തും. സ്ഥാപനം താമരശ്ശേരിയിൽ നിന്ന് പൂർണ്ണമായും മാറ്റിസ്ഥാപിക്കണം എന്നതടക്കമുള്ള അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ചർച്ചയിൽ കമ്പനി കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാറാൻ സമയം നൽകുമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നുമാണ് ജനകീയ സമരസമിതിയുടെ നിലപാട്.
അതേസമയം, സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത മുൻ നടപടി ഹൈക്കോടതി ഈ മാസം 20 വരെ നീട്ടി നൽകിയിട്ടുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.