ഇന്ധനവില വർദ്ധനവ് നിരീക്ഷിക്കുന്നു, വിലയിൽ സ്ഥിരത വന്ന ശേഷം തീരുമാനമുണ്ടാകും: മുഖ്യമന്ത്രി വി.ഡി. സതീശൻ
ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിലക്കയറ്റം മൂലം നികുതി വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ധനകാര്യ വകുപ്പ് വിശദമായ പഠനം നടത്തിവരികയാണ്. നിലവിൽ ദിവസേന വില മാറുന്ന സാഹചര്യമായതിനാൽ, സ്ഥിതിഗതികൾ ഒരു നിശ്ചിത തലത്തിൽ എത്തിയ ശേഷം മാത്രമേ അന്തിമമായ പരിഹാര നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള തീരുമാനങ്ങൾ ധനവകുപ്പിന്റെ പരിശോധനകൾക്ക് ശേഷമായിരിക്കും നടപ്പിലാക്കുക. ഇന്ധനവില എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ട്. എല്ലാ ദിവസവും നയങ്ങളിൽ മാറ്റം വരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ, വിലയിൽ കൃത്യമായൊരു രൂപം വന്നതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിങ്കളാഴ്ചയും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന നാലാമത്തെ വില വർദ്ധനവാണിത്. കഴിഞ്ഞ ദിവസവും പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചിരുന്നു. നാല് വർഷത്തോളമായി വലിയ മാറ്റമില്ലാതിരുന്ന രാജ്യത്തെ ഇന്ധനവില പത്തു ദിവസത്തിനിടെയാണ് കുതിച്ചുയർന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
അതേസമയം, ആഭ്യന്തര വിപണിയിൽ വില കുതിക്കുമ്പോഴും ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാൻ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നത്.