ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും എന്നാല്‍ സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ താൻ ഇല്ലന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. ജനങ്ങള്‍ അത് ശരിയാണോ എന്ന് തീരുമാനിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

'കേസ് കൊടുത്താല്‍ എന്‍എസ്എസിന്റെ പണമാണ് നഷ്ടപ്പെടുന്നത്. സുകുമാരന്‍ നായര്‍ ഓസിന് അടിക്കും അത് വേണ്ട. കാണിക്കുന്ന മര്യാദക്കേടുകള്‍ ജനമധ്യത്തില്‍ പറയും. കൊടുത്ത കേസുകള്‍ ധൈര്യമുണ്ടെങ്കില്‍ നേരിടണം. അല്ലാതെ 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടത്. ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു. ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാല്‍ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ആകും എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരത്തെ തോൽവിയിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്.

മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കൂടാം എന്ന് നായന്മാർ കരുതരുത്. ധനലക്ഷ്മി ബാങ്കിലെ രേഖകൾ എന്റെ കൈയിലുണ്ട്. ധനലക്ഷമി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയയാൾ ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നുവെന്നും ബദൽ സംഘടന ഉണ്ടാക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പം ഉണ്ടാകുമെന്നും ​ഗണേഷ് പറഞ്ഞു.