'പാകിസ്താനിലേക്ക് പോകൂ' പരാമർശം ; ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
തൃശൂർ മാളയിലെ ഇന്റർനാഷണൽ സൈനിക് സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ രാജു ഡേവിസ്. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെയാണ് രാജു ഡേവിസ് വ്യക്തമാക്കിയത്. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഖേദപ്രകടനം.
ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശമെന്നും ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്നും രാജു ഡേവിസ് പറഞ്ഞു. നേരത്തെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതികരിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റുകയായിരുന്നു.
മാതാപിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജു ഡേവിസ് വിവാദ സന്ദേശം അയച്ചത്. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു സന്ദേശത്തിലെ പരാമർശം. സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിലെത്താത്ത കുട്ടികൾക്ക് ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നും ആഘോഷത്തിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. അവധി ദിനത്തിൽ സ്‌കൂളിൽ എത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിവാദം ശക്തമായതോടെ, പരാമർശം ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ചായിരുന്നില്ലെന്നായിരുന്നു ചെയർമാന്റെ വിശദീകരണം. 1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമായതിനാലാണ് അത്തരത്തിൽ പറഞ്ഞതെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
സംഭവത്തിൽ സ്‌കൂൾ ഉടമയ്ക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. ഫായിസ് എ.എച്ച് പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.