കരിപ്പൂരിൽ സ്വർണക്കടത്ത്: കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി

 

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. കരിപ്പൂരിലെ സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്നാണ് മലപ്പുറം കുഴിമണ്ണ് സ്വദേശിയായ അസ്ലം മൊഴി നൽകിയിരിക്കുന്നത്.വിമാനത്താവളത്തിൽ എല്ലാം 'സെറ്റ്' ചെയ്തിട്ടുണ്ടെന്നും കസ്റ്റംസിന്റെ പരിശോധനയിൽ കുടുങ്ങില്ലെന്നും സ്വർണം കൈമാറിയവർ ഉറപ്പ് നൽകിയിരുന്നുവെന്ന് അസ്ലം അന്വേഷണ സംഘത്തോട് പറഞ്ഞു.കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വർണം എയർപോർട്ടിന് പുറത്തെത്തിക്കുകയായിരുന്നു. അസ്ലം കൊണ്ടുവന്ന സ്വർണം പൊലീസാണ് പിടികൂടിയത്. ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് പൊലീസ് കൈമാറി.